ഒരു സാഹചര്യത്തിലും പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല; മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് മമത ബാനര്‍ജി

single-img
13 December 2019

രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

വിവാദവും വിവേചനവും നിറഞ്ഞ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. അതിനായി മെഗാ റാലി തിങ്കളാഴ്ച്ച അംബേദ്ക്കര്‍ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയില്‍ പങ്കെടുക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത പറഞ്ഞു.

ഈ ബില്‍ പാര്‍ലമെന്റില്‍ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. ഒന്നും തന്നെ സംഭവിക്കില്ലെന്നും താന്‍ ഉള്ളപ്പോള്‍ ബംഗാള്‍ ജനതയെ ആര്‍ക്കും തൊടാനാവില്ലെന്നും മമത അന്ന് പറഞ്ഞിരുന്നു. ബംഗാളിന് പുറമേ പഞ്ചാബും കേരളവുംനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.