പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കില്ലെന്ന് കാന്തപുരം

single-img
13 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിലെ ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നിയമവുമായി ബന്ധപ്പെട്ട് എസ്‌വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഈ മാസം 17ാം തീയതിയാണ് നിയമത്തിനെതിരെ ഹർത്താലിന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തത്. എന്നാൽ ഈ ഹർത്താൽ ആരാണ് ആഹ്വാനം ചെയ്തതെന്നറിയില്ലെന്ന് പറഞ്ഞ കാന്തപുരം , പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിനും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യ എന്ന രാജ്യത്തിനോട് മുസ്ലിങ്ങൾ മോശമായി എന്താണ് ചെയ്തതെന്ന് ചോദിച്ച കാന്തപുരം മുസ്ലീങ്ങൾ സ്വാതന്ത്ര്യ സമര കാലത്ത് ചെയ്ത ത്യാഗം ചരിത്രത്തിൽ നിന്ന് മായ്ക്കാനാവുമോഎന്നും രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടു. പ്രതികൾ മുസ്ലീങ്ങളായിരുന്നില്ലെന്നും ഓർമ്മിപ്പിച്ചു.

അതേപോലെ തന്നെ സമീപ കാലത്തുണ്ടായ അയോധ്യ വിധിക്കെതിരെ മുസ്ലിങ്ങൾ എന്തെങ്കിലും മോശമായി ചെയ്തോയെന്നും കാന്തപുരം ചോദിച്ചു. രാഷ്ട്രത്തിന്റെ കടമ നിർവ്വഹിക്കാനാണ് ഇത്തരം സമ്മേളനങ്ങൾ. അല്ലാതെ നമ്മളെ ആരെങ്കിലും ജയിലിലടക്കും എന്ന് കരുതിയിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. ഇപ്പോൾ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപരമായി നേരിടാമെന്ന ഉറപ്പും സുപ്രീംകോടതിയിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.