പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കാനലോചിച്ച് ജപ്പാന്‍ പ്രധാനമന്ത്രി

single-img
13 December 2019

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യാസന്ദര്‍ശനം റദ്ദാക്കുന്നതിനെക്കുറിച്ച് അലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അബെയുടെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന് ജപ്പാനിലെ വാര്‍ത്താ ഏജന്‍സി ജിജി പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദിയായ ഗുവാബഹത്തിയില്‍ പൗരത്വ ഭേദഗതി ബില്ലു പാസാക്കിയ നടപടിയില്‍ ഗുവാഹത്തിയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കാനുള്ള ആലോചന. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരോധന ഉത്തരവുകള്‍ ലംഘിച്ച് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതോടെ കഴിഞ്ഞ രണ്ട് ദിവസമായി വന്‍ പ്രതിഷേധത്തിനാണ് അസം സാക്ഷ്യം വഹിച്ചത്.

ഉച്ചകോടി ഡിസംബര്‍ 15 നും 17 നും ഇടയില്‍ നടക്കുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഉച്ചകോടിയുടെ വേദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗുവാഹത്തിയില്‍ ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. വേദി മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ”എനിക്ക് ഇത് വ്യക്തമാക്കാനാവില്ല, എനിക്ക് അപ്ഡേറ്റുകള്‍ ഒന്നും തന്നെയില്ല.”എന്നാണ്
വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ മറുപടി പറഞ്ഞത്.

വടക്കുകിഴക്കന്‍ മേഖലയിലെ അക്രമാസക്തമായ പ്രതിഷേധത്തിനിടയിലാണ് വ്യാഴാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രിയും ഇന്ത്യ സന്ദര്‍ശനം നിര്‍ത്തിവച്ചത്. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി ഖാന്‍ ഇന്ന് ഒരു പരിപാടിക്ക് മേഘാലയ സന്ദര്‍ശിക്കാനിരുന്നതാണ്. അതേ സമയം ജാപ്പനീസ് സംഘം ബുധനാഴ്ച ഗുവാഹത്തി സന്ദര്‍ശിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.