പൗരത്വ ഭേദഗതി നിയമം; നടപ്പിലാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
13 December 2019

രാഷ്ട്രപതി ഒപ്പ് വെച്ചതോടെ നിയമമായ പൗരത്വ ഭേദഗതി നിയമം നടപ്പാകില്ല എന്ന് പറയാൻ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര സർക്കാരിന്റെ പരിധിയില്‍ വരുന്ന നിയമമാണിതെന്നും മന്ത്രാലയംഅറിയിച്ചു. ബിൽ നിയമമായ പശ്ചാത്തലത്തിൽ ബംഗാളും കേരളവും പഞ്ചാബും ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇത് തങ്ങൾ നടപ്പാക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.

ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. അതേപോലെ തന്നെ നിയമം പഞ്ചാബില്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി വ്യാഴാഴ്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു. പുതിയ നിയമം ഇന്ത്യയുടെ മതേതര സ്വഭാവത്തിനു നേര്‍ക്കുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.