സവാളയില്ലാതെ ബിരിയാണി ഉണ്ടാക്കി വിതരണം; വിത്യസ്ത സമരവുമായി മലപ്പുറത്ത് പാചകക്കാർ

single-img
13 December 2019

രാജ്യമാകെ ഉള്ളിക്ക് ക്രമാതീതമായി വില വർദ്ധിക്കുമ്പോൾ കേരളത്തിൽ ഇതാ മലപ്പുറത്ത് വേറിട്ട സമരവുമായി പാചകക്കാർ. മലയാളികൾ ഉള്ളയിടങ്ങളിൽ എല്ലാം പ്രസിദ്ധമാണ് മലപ്പുറത്തെ ബിരിയാണി. ആ ബിരിയാണി സവാളയില്ലാതെ പാചകം ചെയ്ത് അഞ്ഞൂറിലധികം പേർക്ക് വിതരണം ചെയ്തായിരുന്നു കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചത്.

രാജ്യത്തെ ഉള്ളിയുടെ വില കൂടുന്നത് തങ്ങളുടെ തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം വ്യത്യസ്ഥമാക്കാൻ സംഘടന തീരുമാനിച്ചത്. വിലക്കയറ്റം മൂലം പലരും വിവാഹം ഉൾപ്പെടെയുള്ള പരിപാടികളെല്ലാം മാറ്റിവച്ചതോടെ പാചകത്തൊഴിലാളികൾക്ക് പണിയില്ലാതായി. അതോടെയാണ് മാർച്ചും ധർണയും പോലുള്ള സമര പരിപാടി ഒഴിവാക്കി സവാളയില്ലാത്ത ഭക്ഷണം വിളമ്പി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

പ്രതിഷേധ ഭാഗമായി ഇന്ന് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ യൂണിയനിലെ പാചകക്കാർ ഒത്തുചേർന്നു. ഉള്ളിയില്ലാതെ ബിരിയാണിയുണ്ടാക്കി. മറ്റുള്ള സമരങ്ങൾ പോലെ ഈ സമരം പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചില്ലെന്ന് മാത്രമല്ല, അതുവഴി പോയവർക്ക് വയറുനിറയെ ബിരിയാണിയും ലഭിച്ചു.