വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

single-img
12 December 2019

കൊച്ചി:പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വാട്ടര്‍ അതോറിറ്റി ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യം സംബന്ധിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.കേസ് ജനുവരി 14ന് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കുമെന്നും അദേഹം അറിയിച്ചു.

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. കുഴിക്ക് സമീപം വച്ചിരുന്ന ബോര്‍ഡില്‍ തട്ടിയാണ് യുവാവ് വീണ് അപകടമുണ്ടായത്. ആളുകള്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മെയിന്‍ റോഡിനും കാനയ്ക്കും ഇടയിലുള്ള കുഴിയില്‍ വീണ് പല ആളുകള്‍ക്കും പരുക്കേറ്റിരുന്നു. തിരക്കുള്ള പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ കുഴി വാഹനങ്ങള്‍ക്കും നടന്നുപോകുന്നവര്‍ക്കും വന്‍ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഈ കുഴി അടയ്ക്കണമെന്ന് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജല അതോറിറ്റി അവഗണിക്കുകയായിരുന്നു.