അസമിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു; പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിർത്തു

single-img
12 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അക്രമാസക്തമാകുകയാണ്. അസാം തലസ്ഥാനമായ ഗുവാഹത്തിയിലെ ലാലങ് ഗോണിൽ പോലീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് വെടിയുതിർത്തു. ഇതിൽ നാലുപേർക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം. ഇവിടെ ബുധനാഴ്ചവരെ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം അസമിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് അടുത്ത 48 മണിക്കൂർ കൂടി നീട്ടി. ഗുവാഹത്തിയിലെ പോലീസ് കമ്മീഷണർ ദീപക് കുമാറിനെ മാറ്റി പകരം മുന്ന പ്രസാദ് ഗുപ്തയെ നിയമിക്കുകയും സർക്കാർ സർവീസിലെ ചില ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തു.

രാജ്യത്തിന്റെവടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി നടത്താനിരുന്ന മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്നായിരുന്നു അദ്ദേഹം എത്തേണ്ടിയിരുന്നത്. അറ്റ് മാസം 12 മുതൽ 14 വരെയായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം.