അസം കത്തുന്നു; മുഖ്യമന്ത്രി,കേന്ദ്രമന്ത്രിമാരുടെ വീടുകള്‍ക്ക് നേരെ കല്ലേറ്, റെയില്‍വേ സ്റ്റേഷന്‍ തീവെച്ചു

single-img
12 December 2019

ഗുവാഹത്തി: ദേശീയ പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസായ സാഹചര്യത്തില്‍ അസമില്‍ പ്രക്ഷോഭം ശക്തമായി. പല സ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കൂടാതെ കേന്ദ്രമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ ദുബ്രുഗഡിലെ വസതിക്ക് നേരെ കല്ലേറുണ്ടായത്. ഈ ജില്ലയിലെ തന്നെ ബിജെപി എംഎല്‍എ പ്രശാന്ത ഫുകന്‍,ബിജെപി നേതാവ് സുഭാഷ് ദത്ത് ദുലിയാജന്‍ ,കേന്ദ്രമന്ത്രി രാമേശ്വര്‍ തെലി എന്നിവരുടെ വീടുകള്‍ക്ക് നേരെ കല്ലേറും തീവെപ്പുമുണ്ടായി. കൂടാതെ പാനിറ്റോള ,പ്രചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നേരെ അക്രമണവും അരങ്ങേറി.

കടുത്ത സംഘര്‍ഷമാണ് സമരക്കാരും പൊലീസും തമ്മില്‍ സംസ്ഥാനത്ത് നടക്കുന്നത്. ജമ്മുകശ്മീരില്‍ നിന്നടക്കം പിന്‍വലിച്ച സൈന്യത്തെ എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. പത്ത് ജില്ലകളിലാണ് സര്‍ക്കാര്‍ ആളുകളുടെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരിക്കുന്നത്. ലക്ഷകണക്കിന് ആളുകളെ പൗരത്വപട്ടികയില്‍ നിന്ന് ഒഴിവാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതി ആളുകള്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു.