ശബരിമലയില്‍ തിക്കുംതിരക്കും ഒഴിവാകും; മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കായി 21 കോടി ചെലവില്‍ പുതിയ പാലം

single-img
11 December 2019

ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങാന്‍ തീര്‍ത്ഥാടകര്‍ക്കായി പാലം വരുന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്ത് നിന്ന് തുടങ്ങി ചന്ദ്രാനന്ദന്‍ റോഡിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് പാലം തയ്യാറാവുക.ഈ ജനുവരിയില്‍ നിര്‍മാണം ആരംഭിക്കും. ഒന്നര വര്‍ഷം കൊണ്ടായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുക. പത്ത് മീറ്റര്‍ വീതിയുള്ള പാലമാണ് നിര്‍മിക്കുന്നതെന്ന്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ ജി കൃഷ്ണകുമാറും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അജിത്ത് കുമാര്‍ അറിയിച്ചു.ശബരിമല മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായാണ് പുതി പാലം നടപ്പില്‍വരിക.

21 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പുതിയ പാലം പൂര്‍ത്തിയായാല്‍ ഈ സ്ഥലത്ത് കൂടി കടന്നുപോകുന്ന പട്ടാളക്കാര്‍ നിര്‍മിച്ച ബെയ്‌ലി പാലം പൊളിച്ചുകളയും. പദ്ധതി പ്രാവര്‍ത്തികമായാല്‍ വലിയ നടപ്പന്തല്‍ വഴി ഭക്തര്‍ തിരിച്ചുനടക്കേണ്ട അവസ്ഥ ഇല്ലാതാകും. നടപ്പന്തലിലെയും ശരണപാതയിലെയും തിരക്കുകള്‍ കുറയ്ക്കാന്‍ ഒരുപരിധിവരെ പുതിയ പ്രൊജക്ട് സഹായകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൂടാതെ മാളികപ്പുറം ക്ഷേത്രത്തിന് സമീപം പുതിയ പ്രസാദം കൗണ്ടറും ആരംഭിക്കും. മടങ്ങുന്ന ഭക്തര്‍ക്ക് ഇവിടെനിന്ന് പ്രസാദം വാങ്ങാന്‍സാധിക്കും.