ഗുണനിലവാരമില്ലാത്ത ഭക്ഷണം; യുപി സർക്കാർ സ്കൂളുകളോടും കുട്ടികളോടും കാണിക്കുന്നത് തികഞ്ഞ അനാസ്ഥ: പ്രിയങ്ക ​ഗാന്ധി

single-img
11 December 2019

യുപിയിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. യുപിയിലെ സ്കൂളുകളോടും വിദ്യാർത്ഥികളോടും സംസ്ഥാന സർക്കാർ കാണിക്കുന്നത് അനാസ്ഥയാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

‘തീർത്തും ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണമാണ് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ കൊടുക്കുന്നതെന്ന വാർത്തകൾ സ്ഥിരമായി പുറത്തുവരുന്നുണ്ട്. നമ്മുടെ കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. പക്ഷെ ഇവിടെ സർക്കാർ സ്കൂളുകളോടും വിദ്യാർത്ഥികളോടും അനാസ്ഥയാണ് കാണിക്കുന്നത്’- പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു. ​

സ്‌കൂളുകളിൽ കുട്ടികൾക്ക് ​ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നത് തുടരുകയാണെന്നും പ്രിയങ്ക ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ആരോപണത്തെ ശരിവെക്കുന്ന രീതിയിലുള്ള ഏതാനും ചിത്രങ്ങളും പ്രിയങ്ക ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു മുസാഫര്‍നഗറിലെ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച നിരവധി കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിതരണം നിര്‍ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് എലിയെ കണ്ടെത്തിയത്.