പൗരത്വ ഭേദഗതി ബില്ലിന് രൂപംനല്‍കിയിരിക്കുന്നത് നാസികളുടെ കോപ്പി ബുക്കില്‍ നിന്ന്; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

single-img
11 December 2019

കേന്ദ്രസർക്കാർ രാജ്യസഭയില്‍ അവതരിപ്പിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍. സർക്കാർ ബില്‍ എഴുതിച്ചേര്‍ക്കേണ്ടത് പാക് രാഷ്ട്രപിതാവ് ജിന്നയുടെ കുഴിമാടത്തിലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രെയിന്‍ പറഞ്ഞു. ബില്ലിനെ ദേശീയ പൗരത്വ രജിസ്റ്ററും നാസി ജര്‍മനിയിലെ നിയമങ്ങളും താരതമ്യപ്പെടുത്തിയായിരുന്നു ഒബ്രെയിന്റെ വിമര്‍ശനം.

ഇന്ത്യയുടെ പൗരത്വ ബില്ലിനും പൗരത്വ രജിസ്റ്ററിനും നാസി ഭരണകാലത്തെ ജര്‍മനിയിലെ നിയമങ്ങളുമായി സമാനതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെ ബംഗാളികള്‍ക്ക് അനുകൂലമായി ചിത്രീകരിക്കാന്‍ ബിജെപി ശ്രമിക്കേണ്ടതില്ല. ബിജെപിക്കാർ ബംഗാളികളെ രാജ്യസ്‌നേഹവും പൗരത്വവും പഠിപ്പിക്കേണ്ട. നാസികളുടെ കോപ്പി ബുക്കില്‍നിന്നാണ് പൗരത്വ ഭേദഗതി ബില്ലിന് രൂപംനല്‍കിയിരിക്കുന്നത്. ഇന്ത്യ എന്ന രാജ്യംഏകാധിപത്യത്തിലേയ്ക്കാണ് ഇപ്പോള്‍നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബില്ലിനെതിരായി മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും ശക്തമായ വിമര്‍ശനമാണ് നടത്തിയത്. സർക്കാർ ബില്ലിലൂടെ ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ പറഞ്ഞു. അസമിലുള്ള കുടിയേറ്റ ക്യാംപുകളിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു രാജ്യങ്ങളില്‍നിന്നുള്ളവരെ ബില്ലില്‍ പരിഗണിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി പി ചിദംബരം ചോദിച്ചു. ആറ് മതങ്ങളെ ബില്ലിൽ പരിഗണിക്കുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്തത് എന്തുകൊണ്ടാണ് ശ്രീലങ്കന്‍ ഹിന്ദുക്കളും ഭൂട്ടാനിലെ ക്രിസ്ത്യാനികളും ഒഴിവാക്കപ്പെട്ടതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.