ബോർഡുകളിൽ 60 ശതമാനം കന്നഡ ഉപയോഗിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ ബെംഗലൂരു കോർപ്പറേഷൻ

single-img
11 December 2019

നഗരത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുൾപ്പെടെയുള്ളവയുടെ ബോർഡുകളിൽ കന്നഡ ഭാഷക്ക് മുൻഗണന നൽകണമെന്ന ബെംഗലൂരു കോർപ്പറേഷന്‍റെ (ബിബിഎംപി) ഉത്തരവ് പാലിക്കാത്തവരുടെ വ്യാപാര ലൈസൻസ് റദ്ദാക്കാൻ മേയർ ജി ഗൗതം കുമാർ നിർദ്ദേശം നൽകി. നിർദ്ദേശം അനുസരിച്ച് സ്ഥാപനങ്ങളുടെ ബോർഡിൽ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിച്ചിരിക്കണം.

നഗരത്തിലെ വലിയ വ്യാപാര ശൃംഖലകൾ മുതൽ ചെറിയ കടകൾ വരെ ഇതിലുൾപ്പെടും. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ഇംഗ്ലീഷിലുള്ള ബോർഡുകളുടെ മെറ്റൽ ഫ്രേമുകൾ മാറ്റുന്നതിനായി അതത് സോണുകളിലുള്ള ജോയിന്‍റ് കമ്മീഷണർമാർക്ക് മേയർ നിര്‍ദ്ദേശം കൈമാറി. സ്ഥാപനങ്ങള്‍ തങ്ങളുടെ ബോർഡുകൾ 60 ശതമാനം കന്നഡയിലും 40 ശതമാനം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിലും എഴുതാമെന്നായിരുന്നു ഉത്തരവ്.

ഉത്തരവ് പാലിക്കാത്തവര്‍ക്ക് ഈ മാസം 30 വരെ സമയപരിധി അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം ഉത്തരവിനെതിരെ ചില വ്യാപാര സംഘടനകൾ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒക്ടോബര്‍ മാസമാണ് കന്നഡ ബോർഡ് സംബന്ധിച്ച ഉത്തരവ് ബിബിഎംപി പുറത്തിറക്കിയത്.