ക്രിസ്തുമസിന് ‘വലിയ പെരുന്നാള്‍’; റിലീസ് ഡിസംബര്‍ 20ന്

single-img
10 December 2019

ഷെയിന്‍ നിഗം നായകനാകുന്ന ‘വലിയ പെരുന്നാള്‍’ ക്രിസ്തുമസ് റിലീസിന് ഒരുങ്ങുന്നു. നവാഗത സംവിധായകന്‍ ഡിമല്‍ ഡെന്നിസിന്റെ തിരക്കഥയും സംവിധാനത്തിലും തയ്യാറാകുന്ന ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും. ഷെയിനിനൊപ്പം വിനായകന്‍,സൗബിന്‍ ഷാഹിര്‍,ജോജു ജോര്‍ജ് തുടങ്ങി ഒരു വമ്പന്‍ നായകനിര തന്നെ ചിത്രത്തിന്റെ പ്രത്യേകതയാണ്. മോനിഷ രാജീവ് ആണ് നിര്‍മാണം.

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിനും ഷെയിനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ‘ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് ‘ എന്ന ടാഗോടുകൂടി പ്രസിദ്ധപ്പെടുത്തിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചിരുന്നത്.ഫോര്‍ട്ട് കൊച്ചി,മട്ടാഞ്ചേരി ഭാഗങ്ങളിലുള്ള ജനങ്ങളുടെ ജീവിതവുമായി ഇഴചേര്‍ന്നാണ് കഥ പറയുന്നത്. മണ്‍മറഞ്ഞുപോയ നടന്‍ ക്യാപ്റ്റന്‍ രാജു അവസാനമായി ഛായമണിഞ്ഞ ചിത്രമെന്ന പ്രത്യേകതയും വലിയ പെരുന്നാളിനുണ്ട്.

റെക്‌സ് വിജയന്റെ സംഗീതത്തില്‍ വരുന്ന വലിയ പെരുന്നാളിന്റെ ഗാന രചന അന്‍വര്‍ അലിയും, സജു ശ്രീനിവാസനും, എസ് എ ജലീലും, കെ വി അബൂബക്കറും, ഡിമലും ആണ്. സിജു എസ് ബാവ ക്രീയേറ്റീവ് ഡയറക്ടറായ വലിയപെരുന്നാളിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനും, സംഘട്ടനങ്ങള്‍ മാഫിയ ശശിയുമാണ്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള മുംബൈയിലെ കിങ്സ് യുണൈറ്റഡ് ആണ്. ഷൊഹേബ് ഖാന്‍ ഹനീഫ് റാവുത്തറാണ് വലിയ പെരുന്നാളിന്റെ കോ പ്രൊഡ്യൂസര്‍. ഒരുപാട് പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് രാജനും, ഓഡിയോഗ്രഫി ശ്രീജേഷ് നായരും, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജയകൃഷ്ണനുമാണ്.

പുതുമുഖമായ ഹിമിക ബോസ് നായികയാകുന്ന വലിയ പെരുന്നാളില്‍ ജോജു ജോര്‍ജ്, അലെന്‍സിയര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ക്യാപ്റ്റന്‍ രാജു, വിനായകന്‍, നിഷാന്ത് സാഗര്‍, സുധീര്‍ കരമന, ബോളിവുഡിലെ അഭിനേതാക്കളായ അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ് എന്നിങ്ങനെ ഒരു ശക്തമായ താരനിര അണിനിരക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം തന്നെ സുപ്രധാനമായ വേഷങ്ങളില്‍ കൊച്ചിയില്‍ നിന്ന് തന്നെ തിരഞ്ഞെടുത്ത നിരവധി അഭിനേതാക്കളും വലിയപെരുന്നാളിന്റെ ഭാഗമായെത്തുന്നു. ക്രിസ്മസിന് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.