ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; ക്ലാസ് ടീച്ചർക്കെതിരെ അച്ചടക്കനടപടിയുമായി എഇഒ

single-img
10 December 2019

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് യുകെജിയിൽ പഠിക്കുന്ന കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചർക്കെതിരെ അച്ചടക്കനടപടി. അധ്യാപികയായ സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറി നിൽക്കാൻ എഇഒ നിർദ്ദേശിച്ചു. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപകൻ, ക്ലാസ് ടീച്ചർ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു. ഉറങ്ങുകയായിരുന്ന കുട്ടി ക്ലാസിലുണ്ടെന്ന കാര്യം അറിയാതെയാണ് സ്കൂൾ അധികൃതർ ക്ലാസ് മുറി പൂട്ടിപ്പോയത്.

കഴിഞ്ഞ ദിവസം വൈകിട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം നടന്നത്. സ്കൂൾ വിടുന്ന സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ സ്‌കൂളിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസിനുള്ളിൽ കണ്ടെത്തിയത്.