ശബരിമല ദര്‍ശനത്തിന് സുരക്ഷ; രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്‍ച പരിഗണിക്കും

single-img
10 December 2019

തന്റെ ശബരിമല ദര്‍ശനത്തിന് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമ നൽകിയ ഹര്‍ജി വെള്ളിയാഴ്‍ച സുപ്രീംകോടതി പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. തനിക്ക് സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസ് തയ്യാറാകുന്നില്ല എന്നും പോലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ഇതിന് സമാനമായി ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ സർക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇരുവരുടെയും ഹർജികൾ ഒരുമിച്ചുൾപ്പെടുത്താൻ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ കോടതി ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ ബിന്ദു അമ്മിണിയുടെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയുടെ ഭരണഘടനപരമായ ചോദ്യങ്ങൾ വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018ലെ വിധി നടപ്പാക്കണോ, വേണ്ടയോ എന്നതിൽ അവ്യക്തതയുണ്ട്. നിലവിലെ ഹര്‍ജികളിൽ അതിനുള്ള ഉത്തരം കൂടി സുപ്രീംകോടതി നൽകാനാണ് സാധ്യത.