പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ്‌

single-img
10 December 2019

എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് 11 മണിക്കൂര്‍ പൊതുപണിമുടക്ക്.

ആസമില്‍ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. മണിപ്പൂരില്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കു പ്രഖ്യാപിച്ച പണിമുടക്ക് നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. ‘മണിപ്പുര്‍ പീപ്പിള്‍ എഗനിസ്റ്റ് സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്മെന്റ് ബില്‍’ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സമരം.

മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്‍ നടപ്പാക്കരുതെന്ന് സമരരംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു. തദ്ദേശീയ രാഷ്ട്രീയ സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെത്തുടര്‍ന്ന് ത്രിപുരയിലും ജനജീവിതം സ്തംഭിച്ചു.

മതം അടിസ്ഥാനപ്പെടുത്തിയുള്ള ബില്ലിനെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. മുസ്ലിങ്ങളെ മാത്രം ബില്ലില്‍ നിന്ന് ഒഴിവാക്കികൊണ്ടാണ് ബില്ല് തയ്യാറാക്കിയത്. അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍,ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്ന് മുസ്ലിങ്ങളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനെന്ന അവകാശവാദങ്ങളുമായാണ് ദേഗദതികള്‍ കൊണ്ടുവന്നത്. വരുംദിവസം രാജ്യസഭയില്‍ ബില്‍ പരിഗണനയ്‌ക്കെത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.