സിനിമകളില്‍ സ്ത്രീ – പുരുഷ താരങ്ങള്‍ക്ക് രണ്ട് വേതനം; നിരാശജനകമെന്ന് പ്രിയാമണി

single-img
10 December 2019

സിനിമകളില്‍ അഭിനയിക്കുന്ന സ്ത്രീ – പുരുഷ താരങ്ങൾക്ക് രണ്ട് തരം വേതനം നല്‍കുന്നത് നിരാശജനകമാണെന്ന് നടി പ്രിയാമണി. സിനിമാ മേഖലയിൽ സ്ത്രീ – പുരുഷ അഭിനേതാക്കള്‍ തമ്മില്‍ വലിയ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞു. ഒരു പ്രമുഖ ഓൺലൈൻ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയയുടെ പ്രതികരണം.

‘ഒരു തരത്തില്‍ പറഞ്ഞാൽ ഇത് നിരാശാജനകമാണ്, ഒരു സിനിമ ഏറ്റവും മികച്ച രീതിയില്‍ വരികയും അതിന് ബോക്‌സോഫിസില്‍ കളക്ഷന്‍ ലഭിക്കുന്നതിന് നായകനെ പോലെ നായിക സഹായിക്കുന്നില്ലെ’ പ്രിയ ചോദിക്കുന്നു. എന്നാൽ ചില താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും പ്രിയാമണി പറഞ്ഞു.

‘അതേസമയം അനുഷ്‌ക ഷെട്ടി, നയന്‍താര, സാമന്ത അക്കിനേനി എന്നിങ്ങിനെയുള്ള അഭിനേതാക്കള്‍ വേതനത്തിന്റെ കാര്യത്തിലും പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നതിന് മികച്ച ഉദാഹരണങ്ങളാണ്. സ്ത്രീകള്‍ ഒടുവിൽ മാത്രം സംസാരിക്കുകയും അവരുടെ വില എന്താണെന്ന് ചോദിക്കുകയും ചെയ്യുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്.’ – പ്രിയാമണി പറഞ്ഞു.

താൻ അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ തനിക്ക് പ്രധാന്യമുള്ളതായിരുന്നെന്നും അതിൽ തന്നെ ശരിക്കും തന്നെ വെല്ലുവിളിക്കുന്നതാണ് എന്ന് തോന്നിയ ബുദ്ധിമുട്ടുള്ള മൂന്ന് സിനിമകള്‍ ചാരുലത, തിരക്കഥ, പരുത്തിവീരന്‍ എന്നിവയാണെന്നും പ്രിയാമണി പറഞ്ഞു.