പൗരത്വ ഭേദഗതി ബില്‍; പാകുമായുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമെന്ന് ഇമ്രാന്‍ഖാന്‍

single-img
10 December 2019

ദില്ലി: ഇന്ത്യയുടെ പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഈ ബില്ല് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനവും പാകിസ്ഥാനുമായുള്ള മുഴുവന്‍ ഉഭയകക്ഷി കരാറിന്റെ ലംഘനവുമാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഫാസിസ്റ്റ് മോദി സര്‍ക്കാര്‍ പ്രചരിപ്പിച്ച,രാജ്യാതിര്‍ത്തി വികസനം വഴിയുള്ള ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര മാതൃകയാണ് ഇതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ഖാന്‍ പൗരത്വഭേദഗതി ബില്ലിനെ വിമര്‍ശിച്ചത്. ഇന്ന ്പുലര്‍ച്ചെയാണ് ലോക്സഭയില്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തും രാജ്യവ്യാപകമായും ഉയരുന്ന പ്രതിഷേധങ്ങളെ വകവെക്കാതെയാണ് ബില്‍ പാസാക്കിയത്. അഫ്ഘാനിസ്ഥാന്‍,പാകിസ്ഥാന്‍,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന്റെ പേരില്‍ ഒരു മതവിഭാഗത്തിനെ പുറത്തുനിര്‍ത്താനാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവന്നത്.