ഒരു രേഖകളും സമര്‍പ്പിക്കില്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മുന്‍ ഐഎഎസ് ഓഫീസര്‍

single-img
10 December 2019

കേന്ദ്രസർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സത്യാഗ്രഹരീതിയില്‍ വിത്യസ്ത പ്രതിഷേധവുമായി മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തില്‍. സർക്കാർ ആവശ്യപ്പെടുന്നപോലെ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ നല്‍കാതെ പ്രതിഷേധിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.

സമൂഹത്തിലെ അരികുവല്‍ക്കപ്പെടുന്നവര്‍ക്ക് പിന്തുണയുമായി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ശശികാന്ത് ആവശ്യപ്പെടുന്നു.സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ല് ലക്ഷ്യമിടുന്നത് രാജ്യത്തെ മുസ്‍ലിമുകളേയും ആദിവാസികളേയുമാണ്. സമൂഹത്തിൽ ഇപ്പോള്‍ത്തന്നെ മാറ്റി നിര്‍ത്തപ്പെട്ട അവസ്ഥയിലുള്ള ഇവരുടെ വിശ്വാസങ്ങളില്‍ പൗരത്വ ബില്ല് സൃഷ്ടിക്കുന്നത് ഉണങ്ങാത്ത മുറിവ് ആയിരിക്കും.

ഇനിയും തുറക്കാത്ത ചെവികളില്‍ ശബ്ദമെത്തിക്കാന്‍ സത്യാഗ്രഹമാണ് നല്ലതെന്നും ശശികാന്ത് സെന്തില്‍ പറയുന്നു. താൻ ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി പൗരത്വം തെളിയിക്കാനുള്ള ഒരു രേഖകളും സമര്‍പ്പിക്കില്ല. നിസ്സഹകരണത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനം. ഇങ്ങിനെ ചെയ്യുന്നതിന്റെ പേരില്‍ പൗരനല്ലെന്ന് പ്രഖ്യാപിച്ചാല്‍ രാജ്യത്ത് നിര്‍മ്മിച്ചിട്ടുള്ള ജയിലുകളില്‍ കഴിയാന്‍ സമ്മതമാണ് എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശശികാന്ത് സെന്തില്‍ നല്‍കിയിരിക്കുന്ന കത്തിൽ പറയുന്നത്.