ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിയേറ്റുകൊല്ലപ്പെട്ടു; ഒരാള്‍ ആലുവ സ്വദേശി

single-img
10 December 2019

റാഞ്ചി: ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അസിസ്റ്റന്റ് കമാന്‍ഡന്റും ആലുവ മുപ്പത്തടം സ്വദേശിയുമായ ഷാഹുല്‍ ഹസ്സന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി ഭുനിയ എന്നിവരാണ് കൊല്ലപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ മറ്റൊരു കോണ്‍സ്റ്റബിള്‍ ഹരിഷ്ചന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഞ്ചിയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ ബുക്കാറോ ജില്ലയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ആണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ദിപേന്ദ്രയാദവ് എന്ന ഈ ജവാനും വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ റാഞ്ചിയില്‍ നിന്ന ഹെലികോപ്റ്റര്‍ മാര്‍ഗം സ്വകാര്യ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. വെടിവെച്ച കോണ്‍സ്റ്റബിള്‍ ദിപേന്ദ്രയാദവും കൊല്ലപ്പെട്ട കമാന്റര്‍ ഷാഹുല്‍ ഹസ്സനുമായി ഡ്യൂട്ടി വിതരണം സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായതായും സൂചനയുണ്ട്.റാഞ്ചിയില്‍ നിന്ന് സമാനമായ മറ്റൊരു സംഭവും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സിആര്‍പിഎഫ് ക്യാമ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. . ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സില്‍ ഉന്നത ഉദ്യോഗസ്ഥനായ കമാന്‍ഡന്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കീഴുദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ കോണ്‍സ്റ്റബിള്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കീഴടങ്ങിയിരുന്നു.