പൗരത്വ ഭേദഗതി ബില്‍; രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ശിവസേന

single-img
10 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ശിവസേന. ബില്ലുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സർക്കാരിൽ നിന്നും വ്യക്തത ലഭിക്കുന്നതുവരെ ബില്ലിനെ പിന്തുണയ്‌ക്കേണ്ട എന്നാണ് ശിവസേനയുടെ തീരുമാനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് ഠാക്കറെ പറഞ്ഞു. ലോക്സഭയിൽ ബില്‍ അവതരണത്തിനിടെ ശിവസേന ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനൊന്നും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ വ്യക്തത ലഭിക്കുന്നതുവരെ ബില്ലിനെ പിന്തുണയ്‌ക്കേണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ശിവസേന, ലോക്സഭയിൽ പൗരത്വ ബില്ലിനെ പിന്തുണച്ചിരുന്നു.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്ലാണ് ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാസ്സാക്കിയത്.