വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; ബനാറസ് സര്‍വകലാശാല സംസ്കൃതം വിഭാഗം മുസ്ലീം അസിസ്റ്റന്‍റ് പ്രൊഫസര്‍ രാജിവെച്ചു

single-img
10 December 2019

ഒരുകൂട്ടം വിദ്യാര്‍ത്ഥികൾ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്കൃതം വിഭാഗം മുസ്ലീം അസിസ്റ്റന്‍റ് പ്രൊഫസര്‍ രാജിവെച്ചു. ഹിന്ദുമതത്തിൽ പെടാത്ത അധ്യാപകന്‍ തങ്ങളെ പഠിപ്പിക്കേണ്ടന്ന് ആയിരുന്നു പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളുടെ ആവശ്യം.

എന്നാൽ സംസ്കൃതം വിഭാഗത്തില്‍ നിന്ന് രാജിവച്ച ഫിറോസ് ഖാന്‍ ഇതേ സര്‍വ്വകലാശാലയിലെ മറ്റൊരു വിഭാഗത്തില്‍ സംസ്കൃതം പഠിപ്പിക്കും. ഇന്ന് അധികൃതരും പ്രതിഷേധകരും തമ്മില്‍ നടന്ന സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടത്. ”അസിസ്റ്റന്റ് പ്രൊഫസര്‍ ഖാന്‍ സംസ്കൃതം വിഭാഗത്തില്‍ നിന്ന് രാജിവച്ചു. മറ്റൊരു വിഭാഗത്തില്‍ സംസ്കൃതം പഠിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 9ന് അദ്ദേഹം രാജിക്കത്ത് നല്‍കി.” അധ്യാപകന്റെ രാജി സ്വീകരിച്ച ശേഷം ഫ്രൊഫസര്‍ കൗശലേന്ദ്ര പാണ്ഡേഅറിയിച്ചു.

”സർവകലാശാലയിലെ ആര്‍ട്സ് ഫാകല്‍റ്റിയിലെ സംസ്കൃതം വിഭാഗത്തില്‍ അദ്ദേഹം ചേരും. ഒരു അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിച്ചത് നല്ലതാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളു” എന്നും പാണ്ഡേ പറഞ്ഞു. മുസ്ലിം മതത്തിൽ നിന്നുള്ള അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്.


സർവകലാശാല യുടെ സംസ്കൃത വിഭാഗമായ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്. ഇവിടെ ഉണ്ടായിരുന്ന ഒഴിവിലേക്ക് അപേക്ഷിച്ച 29 പേരില്‍ നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത്. ഇതിൽ ഒമ്പത് പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. അവരിൽ ഫിറോസ് ഖാനാണ് ഏറ്റവും അര്‍ഹതയുണ്ടായിരുന്നതെന്നും പത്തില്‍ പത്ത് മാര്‍ക്കും അദ്ദേഹം നേടിയെന്നും സംസ്കൃതം വിഭാഗം അധ്യക്ഷന്‍ ഉമാകാന്ത് ചതുര്‍വേദി വ്യക്തമാക്കിയിരുന്നു.