പ്രേക്ഷക പ്രശംസ നേടി അശ്വിന്‍ കുമാറിന്‍റെ ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍’

single-img
9 December 2019

തിരുവനന്തപുരം: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍’ ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.  ഡിസംബർ 7 നും, 9 നും കൈരളി , നിള തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടി.


‘’പ്രത്യാശയും ക്ഷമിക്കാനുള്ള മനുഷ്യന്‍റെ മനസുമാണ് മനുഷ്യന്‍റെ നിലനില്‍പ്പിനു തന്നെ ആധാരം എന്ന ആശയമാണ് ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീരിലൂടെ’ പറയുന്നത്. കൗമാരക്കാരിയായ ബ്രിട്ടീഷ് കശ്മീരിയായ നൂർ തന്‍റെ വേരുകള്‍ തേടി ഇറങ്ങുന്നു. പ്രാദേശിക കശ്മീർ ബാലനായ മജിദും അവളോടൊപ്പം ചേരുന്നു. അവരെ ഒരു സൈനിക പട്രോളിംഗ് സംഘം പിടികൂടുകയും ചെയ്യുന്നു. ബ്രിട്ടീഷുകാരിയായതിനാൽ നൂർ മോചിതയായെങ്കിലും ചോദ്യം ചെയ്യലിനായി മജിദിനെ തടഞ്ഞുവച്ചു.  നൂറുകണക്കിന് യഥാർത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന്‍റെ പ്രമേയം കശ്മീരിന്റെ വേറിട്ടൊരു മുഖം പ്രേക്ഷകന് കാണിച്ചു തരുന്നു.


ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ്‌ ആദ്യം A സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്, അശ്വിന്‍ സെന്‍സര്‍ ബോര്‍ഡ്‌ ഡയറക്ടര്‍ക്ക് തുറന്ന കത്തെഴുതിയതിന്‍റെ ഫലമായാണ്‌ UA സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ ചിത്രം അടുത്ത വര്‍ഷം ആദ്യം യുകെയിലും യുഎസിലും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. ഐ എഫ് എഫ് കെ വേദിയിൽ നടന്ന ആദ്യ പ്രദര്‍ശനത്തിന് ഡോ.ശശി തരൂര്‍ എംപി മുഖ്യാഥിതിയായിരുന്നു.