പൗരത്വ ഭേദഗതി ബില്‍: ലോക്സഭയിൽ ശിവസേന അനുകൂലിച്ചു; എതിര്‍ത്ത് വോട്ട് ചെയ്തത് 82 പേര്‍ മാത്രം

single-img
9 December 2019

കേന്ദ്ര സർക്കാരിനായി ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബിൽ വിവാദമായ പശ്ചാത്തലത്തിൽ വോട്ടെടുപ്പോടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്.

സഭയിൽ ബില്ലിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തപ്പോള്‍, കേവലം 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ആകെ 375 പേരാണ് ഇന്ന് സഭയിൽ ഹാജരായത്. ബിജെപിയുമായി ദേശീയ തലത്തിൽ സഖ്യം ഉപേക്ഷിച്ച ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.

ദേശീയ പൗരത്വ ബില്ലിലൂടെ വോട്ടുബാങ്കാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവസാനിപ്പിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്‌സഭയില്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്.

ബില്ലിനെതിരെ ഒറ്റക്കെട്ടായി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഎം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി. കേന്ദ്ര സർക്കാർ ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.