ബ്രിട്ടീഷ് പോലീസ് ആസ്ഥാനം വിലയ്ക്കെടുത്ത് ഹോട്ടലാക്കി മാറ്റി ലുലു ഗ്രൂപ്പ്

single-img
9 December 2019

ലണ്ടൺ നഗരത്തിന്റെഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് പോലീസ് ആസ്ഥാനം വിലയ്ക്കെടുത്ത് ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള ലുലു ഗ്രൂപ്പ്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎ യൂസഫലിയുടെ കീഴിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി14 ഹോള്‍ഡിംഗ്സാണ് യുകെയില്‍ 1500 കോടിയോളം രൂപ ചെലവിട്ട് പോലീസ് ആസ്ഥാനം ഹോട്ടലാക്കി മാറ്റിയത്.

പുതുക്കിയശേഷം ‘ഗ്രേറ്റ് സ്‌കോട്ട്ലണ്ട് യാര്‍ഡ്’ എന്ന് പേരിട്ട ഹോട്ടല്‍ ഉദ്ഘാടനം ബ്രിട്ടീഷ് ഗവണ്‍മെന്റിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് നടത്തിയത്. ബ്രിട്ടീഷ് മെട്രോ പൊളിറ്റന്‍ പോലീസ് ആസ്ഥാനമായിരുന്ന മന്ദിരം 2015-ലാണ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അന്ന് 1025 കോടി രൂപയ്ക്ക് വാങ്ങിയ കെട്ടിടം പിന്നീട് 512 കോടി രൂപ കൂടി ചെലവഴിച്ചാണ് ഇപ്പോൾ കാണുന്ന രീതിയിൽ ഒരു ആഡംബര ഹോട്ടലാക്കി മാറ്റിയെത്തിരിക്കുന്നത്.

ലണ്ടന് ചേരുന്ന ആര്‍ക്കിടെക്ചര്‍ രീതിക്ക് അനുയോജ്യമായ ഡിസൈനാണ് ഹോട്ടലിന് ലുലു ഗ്രൂപ്പ് നല്‍കിയത്.
15, 16 നൂറ്റാണ്ടുകളില്‍ സ്‌കോട്ട്ലണ്ട് രാജാക്കന്‍മാരുടെ സന്ദര്‍ശനത്തില്‍ താമസിക്കാന്‍ ഉപയോഗിച്ചിരുന്ന ഗ്രേറ്റ് സ്‌കോട്ട്ലണ്ട് യാര്‍ഡ് കെട്ടിടം പിൽക്കാലത്തെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സര്‍വ്വീസ് ആസ്ഥാനമായി മാറ്റുകയായിരുന്നു.

ഏഴ് നിലകളിലായി 152 മുറികളും, 15 സ്യൂട്ടുകളും, രണ്ടു നിലകളിൽ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും, നാല് റെസ്റ്റൊറന്റുകളുമുമുള്ള ഇവിടെ ഒരു രാത്രി തങ്ങണമെങ്കിൽ ചുരുങ്ങിയത് നാല്‍പ്പതിനായിരം രൂപയെങ്കിലും വേണ്ടിവരും. ലണ്ടനിൽ ഹയാത്ത് ഗ്രൂപ്പാണ് ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.