അയോധ്യ: മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ അനുവദിക്കരുത്; റിവ്യൂ ഹർജി നൽകാൻ ഹിന്ദു മഹാസഭ

single-img
9 December 2019

സുപ്രീ കോടതി അന്തിമ വിധി പ്രഖ്യാപിച്ച അയോധ്യ ഭൂമി തര്‍ക്കകേസില്‍ മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ ചോദ്യം ചെയ്ത് റിവ്യൂഹർജി നൽകാനൊരുങ്ങി ഹിന്ദു മഹാസഭ. ഇത്തരത്തിൽ ഭൂമി അനുവദിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഹിന്ദുമഹാസഭയുടെ വിലയിരുത്തല്‍.

അയോധ്യയിലെ തര്‍ക്കഭൂമിയുടെ അകവും പുറവും ഹിന്ദുക്കളുടെ ഭൂമിയാണെന്നും ഇവിടെ മുസ്ലിങ്ങള്‍ ഭൂമി അനുവദിക്കരുതെന്നും ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ പറയുന്നു. സുപ്രീം കോടതി വിധിക്കെതിരെ ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്ന് ആദ്യമായാണ് റിവ്യൂ പെറ്റീഷന്‍ നല്‍കുന്നത്.

കഴിഞ്ഞ മാസം 10നാണ് അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തർക്കവും നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനും പകരമായി മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയിൽ തന്നെ അനുവദിക്കാനുമായിരുന്നു വിധി.

ഈ വിധിക്കെതിരെ ആദ്യമായി മൗലാന മുഫ്തി ഹസ്ബുല്ല, മൗലാന മഹ്ഫൂസുര്‍ റെഹ്‍മാന്‍, മിസ്‍ഹാബുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി നഹ്ബൂബ് എന്നിവരാണ് റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഇക്കാര്യത്തിൽ ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ പിന്തുണയും ഉണ്ടായിരുന്നു. നിലവിൽ അയോധ്യ വിധിക്കെതിരെ ഏഴ് റിവ്യൂ പെറ്റീഷനുകളാണ് സുപ്രീം കോടതിയില്‍ വിവിധ സംഘടനകള്‍ സമര്‍പ്പിച്ചത്.