ഉള്ളി ഓഫര്‍ പ്രഖ്യാപിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഷോപ്പുടമ; മൊബൈല്‍ കച്ചവടം പൊടിപൊടിക്കുന്നു

single-img
8 December 2019

ചെന്നൈ: ഉള്ളിവില അനിയന്ത്രിതമായി കുതിച്ചുകയറുമ്പോള്‍ തമിഴ്‌നാട്ടില്‍ ഒരു കിലോയ്ക്ക് 180 രൂപയാണ് വില. ഉള്ളി വിവാഹത്തിന് സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയതും ഉള്ളി കടകളില്‍ നിന്ന് കൊള്ളയടിച്ചുകൊണ്ടുപോകുന്നതുമൊക്കെ വാര്‍ത്ത വന്നു.

എന്നാല്‍ തമിഴ്‌നാട്ടില്‍ ഉള്ളിയുമായി ബന്ധപ്പെട്ട് മാറ്റൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുതുക്കോട്ടയില്‍ മൊബൈല്‍ ഫോണ്‍ വ്യാപാരസ്ഥാപനം ഉള്ളിയുടെ ഡിമാന്റ് മുതലെടുക്കാന്‍ പുതിയ തന്ത്രം ഇറക്കി.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുന്ന പുതിയ ഓഫറാണ് ഇവര്‍ പ്രഖ്യാപിച്ചത്. സ്ഥാപനത്തിന് മുമ്പില്‍ പതിച്ച ഓഫര്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് നല്ല ഉള്ളി തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.പുതിയ ഓഫര്‍ എന്തായാലും ഗുണംകണ്ടുവെന്നാണ് കടയുടമ പറയുന്നത്.എട്ട് വര്‍ഷം പ്രായമുള്ള തങ്ങളുടെ ഷോപ്പില്‍ പ്രതിദിനം രണ്ട് മൊബൈല്‍ ഫോണുകളുടെ കച്ചവടം മാത്രമാണ് നടക്കാറ്. എന്നാല്‍ ഉള്ളി ഓഫര്‍ പ്രഖ്യാപിച്ച ശേഷം രണ്ട് ദിവസമായി എട്ട് മൊബൈല്‍ ഫോണുകളാണ് ഓരോ ദിവസവും വിറ്റുപോയതെന്ന് ഉടമ ശരവണ കുമാര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളുരുവില്‍ കാര്‍ സര്‍വീസ് സെന്ററിലും ഉള്ളി ഓഫര്‍ ഉണ്ടായിരുന്നു.