കോഴിക്കോട് വിലങ്ങാട് വനത്തില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

single-img
8 December 2019

കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റു മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി മണ്ടേപ്പുറം റഷീദ് എന്ന യുവാവാണ് നായാട്ടിനിടെ വെടിയേറ്റു മരിച്ചത്.നായാട്ടിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ലിബിന്‍ മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. അയല്‍വാസിയും സുഹൃത്തുമായ ലിബിന്‍മാത്യുവിന് ഒപ്പമായിരുന്നു നായാട്ടിനായി പുള്ളിപ്പാറ വനമേഖലയില്‍ പോയത്. എന്നാല്‍ നടക്കുന്നതിനിടെ റഷീദ് കുഴിയില്‍ വീഴുകയും അബദ്ധത്തില്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്കില്‍ നിന്ന് വെടിയേല്‍ക്കുകയും ആയിരുന്നുവെന്നാണ് ലിബിന്‍ പൊലീസിനെ അറിയിച്ചത്.

എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കിന് ലൈസന്‍സില്ലെന്നും ലിബിന്‍ തന്നെ നിര്‍മിച്ച തോക്കാണെന്നും കണ്ടെത്തി. ഇതേതുടര്‍ന്നാണ് അദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വനംവകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.