നിര്‍ഭയാകേസില്‍ ജനക്കൂട്ട വിധിയ്ക്ക് കടുത്ത സമ്മര്‍ദ്ദം നേരിട്ടു,നടപ്പാക്കിയത് നീതി:മുന്‍ ഡല്‍ഹി കമ്മീഷണര്‍

single-img
8 December 2019

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊലപ്പെടുത്തിയ തെലങ്കാന പൊലീസിന്റെ നടപടിയെ ആഹ്‌ളാദപൂര്‍വ്വം ജനക്കൂട്ടം വരവേല്‍ക്കുമ്പോള്‍ നിര്‍ഭയകേസില്‍ സമാനസമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍. നിര്‍ഭയ കേസിലെ പ്രതികളെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞു കൊടുക്കാന്‍ എല്ലാഭാഗത്ത് നിന്നും സമ്മര്‍ദ്ദം ശക്തമായിരുന്നു. പ്രതികളുടെ രക്തത്തിന് വേണ്ടി രാഷ്ട്രീയക്കാരും മാധ്യമങ്ങളും സംഘടനകളുമൊക്കെ ആക്രോശിച്ചു. എന്നാല്‍ ഈ ആക്രോശങ്ങള്‍ സ്വാഭാവികമായിരുന്നില്ല. ചില അദൃശ്യശക്തികള്‍ സംഘടിത ശ്രമം നടത്തുകയായിരുന്ന.ു യുപി സര്‍ക്കാരിന്റെ പതനത്തിലേക്ക് നിര്‍ഭയകേസ് രാസത്വരകമായിരുന്നുവെന്നത് മറക്കാന്‍ സാധിക്കില്ല. പക്ഷെ തങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ മുമ്പോട്ട് പോയാണ് നീതി നടപ്പാക്കി കൊടുത്തതെന്ന് മുന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു .

വെറും പത്ത് ദിവസം കൊണ്ടാണ് അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കിയത്. വിചാരണയും മറ്റ് നടപടികളും അടക്കം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മൂന്ന് കൊല്ലം തെറ്റ്തിരുത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞു. ഒരാള്‍ തൂങ്ങി മരിച്ചു.മറ്റുള്ള വര്‍ വധശിക്ഷ കാത്ത് ജയിലിലാണ്. ഇവരുടെ ശിക്ഷ വൈകില്ലെന്ന് കരുതുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു. കേസ് നടപടികള്‍ വൈകാതിരിക്കാന്‍ കോടതികള്‍ക്ക് തന്നെ ഇടപെടാനാകുമെന്നും എങ്കില്‍ പിഴവുകള്‍ ഇല്ലാതാക്കി നീതി എളുപ്പം ലഭ്യമാകുമെന്നും അദേഹം വ്യക്തമാക്കി.തെലങ്കാന പൊലീസ് നടത്തിയത് യഥാര്‍ത്ഥത്തില്‍ ഏറ്റുമുട്ടല്‍ അല്ലെങ്കില്‍ അത് അപലപനീയമാണ്. നിഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും നീരജ് കുമാര്‍ അഭിപ്രായപ്പെട്ടു.