ഡൽഹിയിൽ ഫാക്ടറിയിൽ തീപിടുത്തം: 43 മരണം

single-img
8 December 2019

ഡൽഹിയിൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 43 മരണം. നോർത്ത് ഡൽഹിയിലെ അനാജ് മണ്ഡിയിൽ പ്രവർത്തിച്ച് വന്നിരുന്ന ബാഗ് നിർമാണശാലയിൽ രാവിലെ 5 മണിക്കാണ് തീപിടുത്തമുണ്ടായത്. അൻപതിലധികം ജീവനക്കാർ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മുപ്പതിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. മരിച്ചവരിൽ ഭൂരിഭാഗം പേരും ഉറങ്ങുകയായിരുന്നു. പുക ശ്വസിച്ച് ശ്വാസം മുട്ടിയായിരുന്നു കൂടുതലാളുകളും മരിച്ചതെന്ന് സദർ ബസാർ അസിസ്റ്റന്റ് കമ്മീഷണർ വാർത്താ ഏജൻസിയായ എഎഫ് പിയോട് പറഞ്ഞു

മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരും ഏതൊക്കെ ആശുപത്രികളിൽ ആണുള്ളതെന്നറിയാതെ ബന്ധുക്കൾ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തി 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ഡൽഹി സർക്കാർ ഉത്തരവിട്ടു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.