കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല; ബിജെപി സംസ്ഥാനാധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കും

single-img
8 December 2019

ഇന്ന് ചേർന്ന കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനം ആകാത്തതിനെ തുടർന്ന് ബിജെപിയുടെ സംസ്ഥാനാധ്യക്ഷ സ്ഥാനം ഒഴിഞ്ഞുതന്നെ കിടക്കും എന്ന് ഉറപ്പായി. ഈ മാസം 15-നകം അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തണമെന്ന് കേന്ദ്ര നേതൃത്വം നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
പ്രധാനമായും കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നത്. പക്ഷെ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെയാണ് യോഗം സമവായമാകാതെ പിരിഞ്ഞത്.

കേരളത്തിലെ മുതിര്‍ന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകള്‍ക്കു പകരം ആദ്യം കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അതും വിജയം കണ്ടില്ല. കേന്ദ്ര മന്ത്രിയായവി മുരളീധരനും മുന്‍ പ്രസിഡന്റ് പി കെ കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് വിഷയം അനിശ്ചിതമായി നീട്ടുന്നത്.

മുരളീധര വിഭാഗം സുരേന്ദ്രനു വേണ്ടി വാദിക്കുമ്പോൾ കൃഷ്ണദാസ് പക്ഷം രമേശിന്റെ പേരാണ് പ്രധാനമായും ഉന്നയിക്കുന്നത്. രമേശിനെ പരിഗണിച്ചില്ല എങ്കിൽ ശോഭാ സുരേന്ദ്രന്‍ എന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷം സ്വീകരിച്ചിരിക്കുന്നത്.