ഉന്നാവില്‍ എത്തിയ സാക്ഷി മഹാരാജിനെയും ബിജെപി മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞു

single-img
7 December 2019

യുപിയിലെ ഉണ്ണവിൽ ലൈംഗികാക്രമണക്കേസിലെ പ്രതികള്‍ തീവെച്ചു കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയ ബിജെപി നേതാക്കളെ നാട്ടുകാർ തടഞ്ഞു. ബിജെപിയുടെ മന്ത്രിമാരും സ്ഥലം എംപി സാക്ഷി മഹാരാജും അടങ്ങിയ സംഘത്തെയാണ് നാട്ടുകാർ തടഞ്ഞത്. സ്ഥലത്തേക്ക് ഇവരെത്തിയ ഉടന്‍തന്നെയായിരുന്നു സംഭവം.

അതേസമയം ഇവിടെനിന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മിനിറ്റുകള്‍ക്കു മുന്‍പാണു കുടുംബാംഗങ്ങളെ കണ്ടത്. ഇതിന്റെ പിന്നാലെയാണ് ബിജെപി നേതാക്കളെത്തിയത്. കഴിഞ്ഞ ദിവസം ഉന്നാവോയില്‍ നടന്ന മറ്റൊരു ലൈംഗികാക്രമണക്കേസില്‍ പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജന്മദിനാശംസ നേര്‍ന്നതില്‍ സാക്ഷി മഹാരാജിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.