പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊല്ലത്ത് നാല് പേര്‍ അറസ്റ്റില്‍

single-img
7 December 2019

കുളിമുറി ദൃശ്യങ്ങളുടെ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയെ രണ്ട് മാസത്തോളമായി പീഡിപ്പിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി.

കേസില്‍ പ്രതികളായ മറ്റ് 5 പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍തുടരുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട അമ്മാവന്റെ ഭാര്യ തേവള്ളി സ്വദേശിനിയാണ് ഇരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലര്‍ക്കും കൈമാറിയത്. കരുനാഗപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജ്, കൊല്ലം, കൊട്ടിയം, കരുനാഗപ്പളളി തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്‌റ്റേകള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാനപത്തിന് ജോലിയുണ്ട് എന്ന പേരിലാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും എല്ലാ ദിവസവും ഇറങ്ങിയിരുന്നത്. കഴിഞ്ഞ മാസം 9ാം തിയ്യതി രാവിലെ വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടി അന്ന് തിരിച്ചെത്തിയില്ല. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. പക്ഷെ പിറ്റേ ദിവസം അമ്മാവന്റെ ഭാര്യയായ സ്ത്രീ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു.

കാണാതായ കുട്ടിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയതാണ് എന്നായിരുന്നു ഇവര്‍ വീട്ടുകാരോട് അന്ന് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഒരു കൗണ്‍സിലറിന് അടുത്ത് എത്തിച്ചു. ഇങ്ങിനെയാണ്‌ പീഡന വിവരം പെണ്‍കുട്ടി തുറന്ന് പറയുന്നത്.

ഇവിടെനിന്നും വിവരം പോലീസിനെ അറിയിച്ചു. വീട്ടിലെ കുളിമുറിയില്‍ നിന്ന് രഹസ്യമായി പകര്‍ത്തിയ തന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി അമ്മാവന്റെ ഭാര്യ തന്നെ പലര്‍ക്കും കാഴ്ച വെച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.