ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി അറബ് ചിത്രം ഓള്‍ ദിസ് വിക്ടറി; യുദ്ധത്തിന്റെ ഭീകരത പ്രതിഫലിക്കുന്ന ചിത്രമെന്ന് മന്ത്രി എ കെ ബാലന്‍

single-img
7 December 2019

24ാമത് രാജ്യാന്തരചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് മേളയില്‍ സജീവ ചര്‍ച്ചയായി അറബ് ചിത്രം ഓള്‍ ദിസ് വിക്ടറി. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എകെ ബാലനും എത്തിയിരുന്നു.

യുദ്ധത്തിന്റെ ഭീകരത പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് ഓള്‍ ദിസ് വിക്ടറിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സിനിമയായല്ല മറിച്ച് യഥാര്‍ഥ അനുഭവമായാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമയെക്കുറിച്ച് ഇവാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

അഹമ്മദ് ഗൊസൈന്‍ സംവിധാനം ചെയ്ത ചിത്രം ഹിസ്ബുള്ളയും ഇസ്രായേലും ലെബനനില്‍ നടത്തിയ ആക്രമണം പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.യുദ്ധത്തിനിടെ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വേളയില്‍ ഗ്രാമം വിടാന്‍ വിസമ്മതിച്ച പിതാവിനെ തേടി പോകുന്ന മകന്റെ കഥയാണ് ചിത്രം പറയുന്നത്.

യുദ്ധരംഗങ്ങളേക്കാള്‍ കൂടുതല്‍ കഥാപാത്രങ്ങളുടെ വൈകാരികഭാവങ്ങള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.അതേസമയം യുദ്ധത്തിന്റെ ഭീകരത അതേ തീവ്രതയോടെ അവവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.