ഗുണനിലവാരമില്ല; അഞ്ച് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ വില്‍പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു

single-img
7 December 2019

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിതരണത്തിന്റെ പേരിൽ കോഴിക്കോട് ജില്ലയിൽ മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേരക്രിസ്റ്റല്‍ തുടങ്ങിയ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ നിര്‍മ്മാണം, വിതരണം, വില്‍പന എന്നിവ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. ഇതിന് പുറമെ മോരിക്കര കാളിക്കടവ് റോഡ് സായ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

രണ്ട് മാസക്കാലമായി ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ 451 പരിശോധനകള്‍ നടത്തുകയും നിയമവ്യവസ്ഥകള്‍ ലംഘിച്ച 184 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.ഇതോടൊപ്പം ഈ കാലയളവിൽ 123 സര്‍വെയ്ലന്‍സ് സാമ്പിളുകളും 61 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് 38 സിവില്‍ കേസുകളും 16 കിമിനല്‍ കേസുകളും ഫയല്‍ ചെയ്തു. അതേസമയം ആര്‍ഡിഒ കോടതി വിവിധ കേസുകളിലായി 73,000 രൂപ പിഴ വിധിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിണര്‍ 2,14000 രൂപ പിഴ ഈടാക്കി. സമൂഹത്തിലേക്ക് ഗുണനിലവാരം കുറഞ്ഞതോ മിസ്ബാന്‍ഡഡ് ആയതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിണര്‍ അറിയിച്ചു.