കടുത്ത ദാരിദ്ര്യവും നിരാശയും ;കിടപ്പുരോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചുമൂടി ഭര്‍ത്താവിന്റെ കടുംകൈ

single-img
6 December 2019

പനജി: വടക്കന്‍ ഗോവയില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടി. മര്‍മാവാഡ ഗ്രാമത്തിലാണ് സംഭവം. ഭാര്യയുടെ അസുഖം ഭേദമാകാത്തതില്‍ നിരാശനായാണ് തുക്കാറാം ഷെദ്ഗാവ്കര്‍ എന്ന നാല്‍പ്പത്തിയാറുകാരന്‍ ഭാര്യയെ തന്‍വിയെ ജീവനോടെ കുഴിച്ചുമൂടിയത്. സമീപപ്രദേശത്തെ ജലസേചന കനാലിന്റെ നിര്‍മാണ സ്ഥലത്തായിരുന്നു കുഴിച്ചിട്ടത്. ഇന്നലെ കനാല്‍ നിരപ്പാക്കാന്‍ തൊഴിലാളികള്‍ ജോലി തുടരുന്നതിനിടെയാണ് തന്‍വിയുടെ മൃതദേഹം കണ്ടെത്തിയത്.

തൊഴിലാളികള്‍ പണി തുടരുന്നത് തടസ്സപ്പെടുത്താന്‍ തുക്കാറാം ശ്രമിച്ചതും സംശയത്തിനിടയാക്കിയിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തന്‍വിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അതേസമയം തുക്കറാമിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.

‘അവള്‍ ദീര്‍ഘകാലമായി കിടപ്പ് രോഗിയായിരുന്നു. കൂലിവേല ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.പതിനാല് വയസുള്ള മകനും ഈ കുടുംബത്തിനുണ്ട്. എന്നാല്‍ ദാരിദ്ര്യം കാരണം തനിക്ക് തന്‍വിക്ക് തുടര്‍ ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ലെന്നും മകന്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയെന്നും’ തുക്കറാം പൊലീസിനോട് പറഞ്ഞു. കടുത്ത ദാരിദ്ര്യവും നിരാശയും കാരണമാണ് താന്‍ ഭാര്യയോട് ഈ ക്രൂരകൃത്യം ചെയ്തതെന്നും അദേഹം പൊലീസിനോട് പറഞ്ഞു. തുക്കറാമിനെതിരെ കൊലപാതകക്കുറ്റം രജിസ്ട്രര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.