സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ വൊഡഫോണ്‍ – ഐഡിയ അടച്ചുപൂട്ടുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ്

single-img
6 December 2019

കേന്ദ്ര സർക്കാർ സഹായിച്ചില്ലെങ്കിൽ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ വൊഡഫോണ്‍-ഐഡിയ അടച്ചുപൂട്ടുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള. നിലവിൽ കമ്പനി കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള കുടിശിക 40,000 കോടി രൂപയായി ഉയർന്നപ്പോഴാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ കെഎം ബര്‍ളയുടെ കമ്പനി അടച്ചുപൂട്ടുമെന്ന സൂചന നൽകിയത്.

‘സർക്കാർ സഹായിച്ചില്ലെങ്കിൽ ഐഡിയ വോഡഫോണിന്‍റെ കഥ അവസാനിക്കും. ഇനിയുള്ള മൂന്ന് മാസങ്ങൾക്കുള്ളിൽ ലോകത്ത് ഒരു കമ്പനിയ്ക്കും അത്രയും ഉയര്‍ന്ന തുക കൊണ്ടുവരാന്‍ സാധിക്കുകയില്ല.’ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സംബന്ധിച്ച് ടെലികോം എന്നത് വളരെ പ്രധാനപ്പെട്ട മേഖലയാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാകുന്നില്ല. കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതി മുഴുവന്‍ ഇതിനെ ആശ്രയിച്ചാണ്. എജിആര്‍അഥവാ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ എന്നത് ഒരു മുറിയില്‍ ആന എന്നത് പോലെയാണ്. കോടതിയില്‍ ഇതിൽ ആരോ നുണ പറഞ്ഞിരിക്കാം. സർക്കാർ സംസാരിക്കുന്നതിന് പകരം സേവനദാതക്കള്‍ക്കെതിരെ കേസ് കൊടുത്തു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആശ്വാസകരമായ നടപടി ഉടൻ ഉണ്ടായില്ലെങ്കില്‍ കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തുമെന്നും കെ എം ബിര്‍ള മുന്നറിയിപ്പ് നല്‍കി. തങ്ങൾ നല്ല നിലയില്‍ സമ്പാദിച്ച പണം മോശം പണത്തിന് പിന്നാലെ പോകണം എന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 50,000 കോടി രൂപയുടെ നഷ്ടമാണ് വൊഡഫോണ്‍- ഐഡിയ രേഖപ്പെടുത്തിയത്. ഇവയ്ക്ക് പുറമേ ലൈസന്‍സ് ഫീസ് ഇനത്തില്‍ 44,200 കോടിയുടെ ബാധ്യത കൂടി കമ്പനിയ്ക്കുണ്ട്.