ഹൈദരാബാദില്‍ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നസംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

single-img
6 December 2019

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പൊലീസ് വേണ്ടവിധം ജാഗ്രതപുലര്‍ത്തിയില്ലെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച് കമ്മീഷന്‍ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു. പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്നാണ് പൊലീസ് അറിയിച്ചത്.

എന്നാല്‍ പ്രതികളെ ഏകപക്ഷീയമായി വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നു. പ്രതികളുടെ കൊലപാതകത്തില്‍ പൊലീസിനെ അഭിനന്ദിച്ച് ഒരുവിഭാഗം രംഗതെത്തുമ്പോള്‍ തന്നെ മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണവുമായി മറ്റൊരു വിഭാഗം ആളുകളും സജീവമാണ്. തെലങ്കാന പൊലീസിന്റെ സീരിയല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ഭാഗമാണിതെന്നും ആരോപണമുയരുന്നു. അതേസമയം തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതാണ് വെടിവെച്ചു കൊലപ്പെടുത്താനുള്ള കാരണമെന്ന് പൊലീസ് ന്യായീകരിച്ചു. നാരായണപുരം സ്വദേശികളായ മുഹമ്മദ് ആരിഫ്,ക്ലീനര്‍മാരായ ശിവ,നവീന്‍,ചന്ന കേശവലു എന്നിവരാണ് ഇന്ന് പുലര്‍ച്ചെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അതേസമയം തെലങ്കാന സര്‍ക്കാരും പൊലീസിന്റെ ഔദ്യോഗികവൃത്തങ്ങളും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.