യൂറോപ്പില്‍ ആദ്യമായി പരിസ്ഥിതി സൗഹൃദ മുസ്‍ലിം പള്ളി; ഉദ്ഘാടനം ചെയ്ത് തുര്‍ക്കി പ്രസിഡണ്ട്; അമുസ്‍ലിംകള്‍ക്കും പ്രവേശനം

single-img
6 December 2019

യൂറോപ്പിൽ ആദ്യമായി നിർമ്മിക്കപ്പട്ട പരിസ്ഥിതി സൗഹൃദ മുസ്‍ലിം പള്ളി തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ കേംബ്രിഡ്ജ് സെന്‍ട്രല്‍ മസ്ജിദിന്റെ ഉദ്ഘാടനമാണ് ഉര്‍ദുഗാന്‍ നിര്‍വ്വഹിച്ചത്. രണ്ട് ദിവസം നീളുന്ന നാറ്റോ നേതാക്കളുടെ ചര്‍ച്ചയില്‍ പങ്കെടുക്കാനായാണ് ഉര്‍ദുഗാന്‍ ബ്രിട്ടനിലെത്തിയത്.

2008ലായിരുന്നു പരിസ്ഥിതി സൗഹൃദ കേംബ്രിഡ്ജ് സെന്‍ട്രല്‍ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. പള്ളി പണിയാൻ സ്ഥലം കണ്ടെത്തിയതോടെ 10000 ത്തിന് മുകളില്‍ ആളുകള്‍ പള്ളി നിര്‍മിക്കാനാവശ്യമായ പണം സംഭാവന നല്‍കുകയായിരുന്നു. തുടർന്ന് ഖത്തറില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും വരെ പള്ളി നിര്‍മിക്കാനാവശ്യമായ സഹായധനം ലഭിച്ചു.

പുരാതനമായ ഇസ്‍ലാമിക സൗന്ദര്യശാസ്ത്രവും കലാവൈഭവവും പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതവും പരിസ്ഥിതി സംരക്ഷണവുമാണ് പള്ളി നിര്‍മിക്കുന്നതിനുള്ള പ്രചോദനം. പാരമ്പര്യ ഇസ്‍ലാമിക രീതിയില്‍ നിര്‍മിച്ച പള്ളി പൂന്തോട്ടത്തില്‍ ഒരേ സമയം 1000ത്തോളം പേര്‍ക്ക് ഒരുമിച്ച് നമസ്കരിക്കാനാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചുറ്റുവട്ടത്തെ പ്രകൃതിയില്‍ നിന്നുമുള്ള മരം, മാര്‍ബിള്‍ എന്നിവര്‍ക്ക് പുറമെ ഒരു തരത്തിലുമുള്ള കാര്‍ബണ്‍ വസ്തുക്കളും നിര്‍മാണത്തിന് ഉപയോഗിച്ചില്ല എന്നത് ഈ പള്ളിയുടെ മാത്രം പ്രത്യേകതയാണ്.

പള്ളിയുടെ മുകളില്‍ പെയ്യുന്ന മഴവെള്ളം വഴിതിരിച്ച് പള്ളിക്കകത്തെ പൂന്തോട്ടത്തിലെ ചെടികള്‍ക്ക് ലഭിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.ഇവയ്ക്ക് പുറമെ ഇതേ മഴവെള്ളം പള്ളിയുടെ സിങ്ക് വൃത്തിയാക്കാനും ഉപയോഗിക്കുന്നു. ഗോപുര മുകളിൽ സജ്ജീകരിച്ച സോളാര്‍ പാനലുകളില്‍ നിന്നുമുള്ള 30 ശതമാനം ഊര്‍ജം ശൈത്യക്കാലത്തും 40 ശതമാനം ഉഷ്ണക്കാലത്തും ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

റൂഫിന്റെ മുകളില്‍ നിന്നുള്ള ചൂട് വായു പള്ളിയിലെ വലിയ ടാങ്കുകളിലെ ജലം ചൂടാക്കാന്‍ ഉപയോഗിക്കുന്നു. ഈ ചൂടേറിയ വെള്ളമായിരിക്കും കാര്‍പ്പറ്റിന് താഴെയുള്ള നിലം ചൂട് പിടിപ്പിക്കാനും അംഗശുദ്ധി വരുത്തുന്നതിനുള്ള ഹൌളിലെ ജലം ശുദ്ധീകരിക്കാനും ഉപയോഗിക്കുന്നത്. പള്ളിയുടെ മുകളില്‍ നിന്നുള്ള കമ്പാര്‍ട്ട്മെന്റുകളിലൂടെ ചൂടേറിയ വായു പുറത്തേക്ക് പോകാനും ചുമരിനോട് ചേര്‍ന്ന ചെറിയ സുഷിരങ്ങളിലൂടെ ശുദ്ധ വായു അകത്തേക്ക് പ്രവേശിക്കാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു.

നിലവിൽ നിരവധി അമുസ്‍ലിം സുഹൃത്തുക്കളാണ് പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ താത്പര്യവുമായി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോൾ തന്നെ തങ്ങളുടെ സന്ദര്‍ശക ലിസ്റ്റ് മുഴുവനായതായും 2000ത്തോളം പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലാണ് എന്നും പള്ളി ഇമാം അലി ‘ഡയലി സബാഹി’-നോട് പറഞ്ഞു. ഈ രീതിയിൽ അമുസ്‍ലിംകള്‍ സുഹൃത്തുക്കളുടെ സന്ദര്‍ശനത്തിലൂടെ ഇസ്‍ലാമിനെക്കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാനും ഇസ്‍ലാമിക വിശ്വാസത്തെയും സൗന്ദര്യശാസ്ത്രത്തെയും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് അലി പറയുന്നു.