ബിജെപി എംഎല്‍എമാരുടെ ശിവസേനയിലേക്കുള്ള കുത്തൊഴുക്ക് തുടരുന്നു; എന്‍ഡിഎ കക്ഷികള്‍ക്ക് ആത്മവിശ്വാസം കൂടും

single-img
6 December 2019

മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടി തുടരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശിവസേനയിലേക്കുള്ള ബിജെപി എംഎല്‍എമാരുടെ കുത്തൊഴുക്ക് തടയാന്‍ ഇനി ബിജെപിക്ക് സാധിച്ചേക്കില്ല. കാരണം പങ്കജ് മുണ്ടെ അടക്കമുള്ള ബിജെപിയുടെ പന്ത്രണ്ട് എംഎല്‍എമാര്‍ ശിവസേനയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപി വിട്ടൊഴിയുകയാണെന്നാണ് സൂചനകള്‍.

പശ്ചിമ മഹാരാഷ്ട്രയില്‍ നിന്ന് അഞ്ച് എംഎല്‍എമാര്‍,മറാത്ത് വാദയില്‍ നിന്ന് മൂന്ന് പേര്‍, മറ്റിടങ്ങളില്‍ നിന്നായി നാലുപേര്‍ എന്നിങ്ങനെയാണ് കൂടൊഴിയാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ബിജെപിയുടെ എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ എന്‍സിപി-ശിവസേനാ വൃത്തങ്ങളെ അറിയിച്ചു. അവര്‍ കൂടി തീരുമാനമെടുത്താല്‍ കൂടുതല്‍ പേര്‍ ബിജെപി വിട്ടൊഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചേക്കും. ഇത് മഹാരാഷ്ട്രയില്‍ ബിജെപി വിരുദ്ധ സംഘപാര്‍ട്ടിയെന്ന തരത്തില്‍ പുതിയ ശിവസേനാ നയത്തിന് കൂടുതല്‍ ശക്തിപകരുമെന്നാണ് നിരീക്ഷണം. ബിജെപിയില്ലാത്ത എന്‍ഡിഎ കക്ഷികള്‍ക്ക് ഒറ്റയ്ക്ക് നില്‍ക്കാനുള്ള ധൈര്യം മഹാരാഷ്ട്രയിലെ നീക്കുപോക്കുകള്‍ നല്‍കുന്നുവെന്ന് സാരം.എന്നാല്‍ വരുംദിവസങ്ങളില്‍ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയേക്കും.