നിലപാടുകളുടെ പേരില്‍ സിനിമകള്‍ നഷ്ടപ്പെട്ടു; അവസരം കിട്ടിയത് സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമെന്ന് രമ്യാ നമ്പീശന്‍

single-img
6 December 2019

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിലെ അംഗമെന്ന നിലയിലും തന്റേതായ ചില നിലപാടുകള്‍ എടുത്തതിന്റെ പേരിലും മലയാള സിനിമയിൽ അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന് നടി രമ്യാനമ്പീശന്‍. സിനിമാ മേഖലയിൽ മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അത് സംഭവിക്കട്ടെ എന്ന് കരുതിയാണ് താൻ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും താരം പറയുന്നു.

നാം ചില നിലപാടുകള്‍ എടുക്കുമ്പോള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. ഈ സമയം സുഹൃത്തുക്കളുടെ സിനിമകളിലായിരുന്നു അവസരങ്ങള്‍ ലഭിച്ചത്. സുഹൃത്തുക്കള്‍ എപ്പോഴും വലിയ പിന്തുണ നല്‍കിയിരുന്നു.
തനിക്ക് വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല. പറയാനുള്ള കാര്യങ്ങള്‍ നേരെ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരുമെന്നും രമ്യ നമ്പീശന്‍ പറയുന്നു.

ഇപ്പോൾ മലയാള സിനിമയിലെ താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയതായി തോന്നുന്നുണ്ട്. സംഘടന മുമ്പത്തേക്കാൾ കുറച്ചുകൂടെ ജാഗ്രതയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സിനിമാ ഫീൽഡിൽ തങ്ങള്‍ സുരക്ഷിതരാണെന്ന് പുതിയ താരങ്ങള്‍ പറയുന്നതായി കേള്‍ക്കുന്നുവെന്നും സന്തോഷമുണ്ടെന്നും രമ്യ പറയുന്നു.