വനിതാ മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ കയറി ആക്രമണം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍

single-img
5 December 2019

വനിതാ മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ അറസ്റ്റില്‍. അക്രമവുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രസ് ക്ലബിന് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, വിഷയത്തില്‍ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി ഉൾപ്പെടെയുളളവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കേരളകൗമുദിയിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാര ഗുണ്ടായിസം കാട്ടിയത്. ഇതിനെതിരെ മാധ്യമ പ്രവർത്തകയും ഭർത്താവും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമ പ്രവർത്തകയെ അപഹസിച്ച് പ്രസ് ക്ലബ് അംഗങ്ങൾക്ക് രാധാകൃഷ്ണൻ മെയിൽ അയച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.