ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം ; സിബിഐ പുനരാന്വേണം ഉറപ്പുനല്‍കി കേന്ദ്രആഭ്യന്തരമന്ത്രി

single-img
5 December 2019

ദില്ലി: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍ഗോഡ് ചെമ്പരിക്ക ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മുസ്ല്യാരുടെ ദുരൂഹമരണം സിബിഐ പുനരാന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. ചെമ്പരിക്കാ ഖാസിയുടെ മരണത്തില്‍ സിബിഐ പുനരാന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ പത്തൊന്‍പത് എംപിമാരുടെ ഒപ്പുസഹിതം കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് അമിത്്ഷായുടെ ഉറപ്പ് ലഭിച്ചത്.

2010 ഫെബ്രുവരി 15ന് ആണ് കടലില്‍ സിഎം അബ്ദുല്ല മുസ്ല്യാരുടെ മൃതദേഹം കണ്ടെത്തിയത്. അദേഹത്തിന്റേത് ആത്മഹത്യയാണെന്ന പൊലീസ് നിലപാട് സിബിഐയും ശരിവെച്ചിരുന്നു. എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കോടതി കേസില്‍ പുനരാന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെയാണ് സിബിഐ തന്നെ പുനരാന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ അമിതാഷായ്ക്ക് നിവേദനം നല്‍കിയത്. കാസര്‍ഗോഡ് ഒപ്പുമരച്ചോട്ടില്‍ ആക്ഷന്‍ കമ്മറ്റിയും ഖാസിയുടെ കുടുംബവും നാട്ടുകാരും കാലങ്ങളായി നീതി തേടി സമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എംപി കൂടിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഇടപെടല്‍.