ആരാണ് സഫ ഫെബിൻ? രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മിടുക്കിയെ അറിയാം

single-img
5 December 2019

മലയാളികൾക്ക് അഭിമാനമായി മാറുകയായിരുന്നു സഫ ഫെബിന്‍ എന്ന പ്ലസ് ടുകാരി. സഫയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റിയത്. തികഞ്ഞ നാട്ടുഭാഷയില്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് സഫ മൊഴിമാറ്റിയത്. ഒരു സ്ഥലം പോലും പതര്‍ച്ചയോ തടസ്സമോ ഇല്ലാതെ, അര്‍ഥം ഒട്ടും ചോരാതെയായിരുന്നു മൊഴിമാറ്റം.

ഈ കാലത്തിലെ ശാസ്ത്രത്തിന്‍റെ പ്രസക്തി രാഹുല്‍ ഗാന്ധി ചെറിയ വാക്കുകളിലൊതുക്കിയപ്പോള്‍ വളരെ കൃത്യമായ നാട്ടുമൊഴിയില്‍ സഫയും മൊഴിമാറ്റി. ചുരുങ്ങിയ സമയത്തിനുള്ളിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും സഫയുടെ മൊഴിമാറ്റവും സോഷ്യല്‍മീഡിയയില്‍ വളരെവേഗം ഹിറ്റായി മാറി.

സഫ ഫെബിന്‍പഠനം ചെയ്യുന്നത് സർക്കാർ വിദ്യാലയങ്ങളില്‍ തന്നെയാണ്. ഹൈറേഞ്ച് ഗ്രാമമായ കരുവാരകുണ്ടിലെ കുട്ടത്തിയിലാണ് താമസിക്കുന്നത്. പിതാവായ കുഞ്ഞിമുഹമ്മദ് മദ്രസ അധ്യാപകനാണ്. മാതാവ് സാറ വീട്ടമ്മയും. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി സയന്‍സ് തെരഞ്ഞെടുത്തു.

പിന്നീട് പ്ലസ് വണ്ണിലും മുഴുവന്‍ എ പ്ലസ് നേടി പഠനത്തിലും മിടുക്കിയാണ് സഫ. ഇവയ്ക്ക് പുറമെ സ്കൂളിലെ റേഡിയോക്ക് ചുക്കാന്‍ പിടിച്ചതും സഫയാണ്. തന്റെ അഞ്ച് മിനിറ്റോളം നീണ്ട പ്രസംഗം സഫ തെറ്റുകളില്ലാത്ത പരിഭാഷപ്പെടുത്തിയതോടെ രാഹുല്‍ തന്നെ സഫയെ ചോക്ലേറ്റ് നല്‍കി അനുമോദിക്കുകയുണ്ടായി. സാധാരണയായി കൂടെയുള്ള രാഷ്ട്രീയ നേതാക്കളെ അല്ലെങ്കില്‍ ഭാഷാ വിദഗ്ധരോ ആണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

എന്നാൽ ഇക്കുറി പതിവിന് വിപരീതമായി. കരുവരാക്കുണ്ട് ഗവ.എച്ച്എസ്എസില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ സഹായിക്കാമോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഈ ചോദ്യത്തെ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത സഫ സദസില്‍ നിന്നും എഴുന്നേറ്റതോടെ സഫയെ വേദിയിലേക്ക് രാഹുല്‍ ക്ഷണിക്കുകയായിരുന്നു.