ക്രിസ്തുമസിന് ചിരിപ്പടക്കങ്ങള്‍ പൊട്ടിക്കാന്‍ ‘ധമാക്ക’:റിലീസ് ഡിസംബര്‍ 20ന്

single-img
5 December 2019

ക്രിസ്തുമസ് ആഘോഷങ്ങള്‍ പൊടിപ്പൊടിക്കാന്‍ ഒമര്‍ലുലു ചിത്രം ധമാക്കയും ഉണ്ടാകും. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20നാണ ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ്. ഹാപ്പി വെഡ്ഢിങ്‌സ്, ചങ്ക്‌സ്,അഡാര്‍ ലവ്വ് എന്നീ മൂന്ന്ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റുകളിലൊന്നായ ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തില്‍ ടോണി ഐസകായി വേഷമണിഞ്ഞ ആ കൊച്ചുപയ്യനായ അരുണ്‍ ആണ് നിക്കിഗില്‍റാണിയുടെ നായകവേഷം കൈകാര്യം ചെയ്യുന്നത്.

നായകവേഷത്തില്‍ അരുണിന്റെ പെര്‍ഫോമന്‍സ് എങ്ങിനെയായിരിക്കുമെന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. പൂര്‍ണമായും ഒരു കൊമഡി എന്റര്‍ടെയിനറായിരിക്കും ധമാക്കയെന്ന് ഒമര്‍ലുലു സൂചന നല്‍കി കഴിഞ്ഞു. ഉര്‍വ്വശിയും മുകേഷും വീണ്ടും ഒന്നിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സലിംകുമാര്‍,ഇന്നസെന്റ്, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കളായി വേഷമണിയുന്നത്. ക്രിസ്തുമസിന് ചിരിപ്പടക്കങ്ങള്‍ ധമാക്കയായിരിക്കുമെന്ന് സാരം. ഗുഡ്‌ലൈന്‍ പ്രൊഡക്ഷനാണ് ചിത്രം അവതരിപ്പിക്കുന്നത്. എം.കെ നാസറാണ് നിര്‍മാതാവ്.സംഗീതം ഗോപീ സുന്ദറിന്റേതാണ്.