മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ അറസ്റ്റില്‍

single-img
5 December 2019

നടി മഞ്ജു വാര്യർ നൽകിയ പരാതിയില്‍ സംവിധായകന്‍ വിഎ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂരിലെ പോലീസ് ക്ലബ്ബില്‍ തുടർച്ചയായി രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക, സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുക എന്നീ വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

സംവിധായകൻ ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് ഭയമുണ്ടെന്നുമായിരുന്നു മഞ്ജു തന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. അതേപോലെ തന്നെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ നല്‍കിയ ലെറ്റര്‍ ഹെഡ്ഡും രേഖകളും ശ്രീകുമാര്‍ ദുരുപയോഗം ചെയ്തതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മഞ്ജു നൽകിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പോലീസ് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മഞ്ജുവിന്റെ പരാതിയിൽ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.