ആംഗ്ലോ ഇന്ത്യാക്കാർക്കുള്ള പാര്‍ലമെന്റിലെ സംവരണം നീക്കി കേന്ദ്രസര്‍ക്കാര്‍

single-img
5 December 2019

ദില്ലി: ലോക്‌സഭയില്‍ ആഗ്ലോ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. പാര്‍ലമെന്റിലും നിയമസഭകളിലും പട്ടികജാതി,പട്ടികവര്‍ഗ,ആഗ്ലോഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവംരണം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബില്‍ പരിഗണനയിലിരിക്കവെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നിയമനിര്‍മാണ സഭകളിലെ സംവരണത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ പരിഷ്‌കാരമെന്നാണ് കേന്ദ്രസര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഈ സമിതിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ,പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്,സാമൂഹ്യനീതി മന്ത്രി തവര്‍ചന്ദ് ഗെല്ലോട്ട് എന്നിവരാണുള്ളത്. ഇന്ത്യയില്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹം ഭേദപ്പെട്ട ജീവിതനിലവാരത്തിലാണ് ഉള്ളതെന്നും ഇനി മുതല്‍ പാര്‍ലമെന്റില്‍ പ്രത്യേക സംവരണം നല്‍കേണ്ടതില്ലെന്നുമുള്ള വിലയിരുത്തലാണ് സമിതിക്കുള്ളത്.

ഈ സാഹചര്യത്തിലാണ് സംവരണം പിന്‍വലിച്ചത്. ഭാവിയില്‍ സ്ഥിതിഗതികള്‍ പുന:പരിശോധിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ജനിക്കുകയും മാതാപിതാക്കളില്‍ ഒരാള്‍ ബ്രിട്ടീഷ് പൗരന്മാരായിരിക്കുകയും ചെയ്യുന്നവരെയാണ് ആംഗ്ലോ ഇന്ത്യന്‍സ് എന്നാണ് ഭരണഘടനയിലെ വ്യാഖ്യാനം.ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെങ്കിലും ഇവിടെ കുടുംബസഹിതം താമസിച്ച് പോന്നവരുടെ ക്ഷേമം ഉറപ്പാക്കാനാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിര്‍ദേശപ്രകാരം ആംഗ്ലോ ഇന്ത്യക്കാരായ രണ്ട് പ്രതിനിധികളെ തെരഞ്ഞെടുപ്പിലൂടെ അല്ലാതെ ലോക്‌സഭയിലേക്ക് കൊണ്ടുവന്നത്.