മരിക്കുന്നതിന് മുന്‍പുള്ള യാത്രയിൽ മോനിഷ സംസാരിച്ചത്; വെളിപ്പെടുത്തലുമായി വിനീത്

single-img
4 December 2019

മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും മായാത്ത മഞ്ഞൾ പ്രസാദമാണ് മോനിഷ. മലയാളത്തിലെ ക്ളാസിക്കുകളായ നഖക്ഷതങ്ങള്‍,​ഋതുഭേതം,​കനകാംബരങ്ങൾ,​കമലദളം,​ചമ്പക്കുളം തച്ചൻ എന്നീ സിനിമകളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ച താരമാണ് നടനും നർത്തകനുമായ വീനിത്.

നടി മോനിഷ വാഹനാപകടത്തിൽ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് തമ്മിൽ കണ്ട് സംസാരിച്ചിരുന്നതായി വിനീത് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.”ഏത് സമയവും വളരെ കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മോനിഷ എട്ടാം ക്ലാസിലും ഞാൻ പത്തിലുമായിരുന്നു.

ആ സമയം ബാംഗ്ലൂരിൽ ജീവിക്കുന്നതിനാൽ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. അവരുടെ വീട്ടിൽ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കേരളത്തിൽ കോഴിക്കോടാണ് മോനിഷയുടെ നാട്.ഞങ്ങൾ തമ്മിൽ മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് കണ്ടിരുന്നു.

ആ ദിവസം ഞാനും ശ്രീവിദ്യാമ്മയും മദ്രാസിൽ നിന്ന് ഇന്ത്യൻ എയർലെെൻസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വഴിയിൽ ബംഗ്ലൂരുവിൽ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. അന്നത്തെ ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചത് മുഴുവൻ ലാലേട്ടന്റെ ഗൾഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. കേരളത്തിലേക്ക് ഞാൻ തിരുവനന്തപുരത്ത് ആചാര്യൻ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.

ഇവിടെ ഹോട്ടൽ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം. ആ സമയം തിയേറ്ററുകളിൽ ചമ്പക്കുളം തച്ചൻ സൂപ്പർ ഹിറ്റാ‌യി ഓടുകയായിരുന്നു. ചിത്രീകരണം കഴിഞ്ഞ ഒരു രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി ചമ്പക്കുളം തച്ചൻ കാണാൻ പോയി. വാഷ്‌ട്രമായി ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളിൽ കയറിയത്. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. ഇപ്പോഴും മോനിഷയുടെ ഓർമകൾക്ക് 27 വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല”-വിനീത് പറയുന്നു.