സുഡാനിൽ എല്‍പിജി ടാങ്കര്‍ സ്‌ഫോടനം: 23 മരണം ; 18 പേർ ഇന്ത്യക്കാർ

single-img
4 December 2019

സുഡാനില്‍ പ്രവര്‍ത്തിക്കുന്ന കളിമണ്‍പാത്ര ഫാക്ടറിയില്‍ നടന്ന എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ 23പേര്‍ കൊല്ലപ്പെട്ടതില്‍ 18പേര്‍ ഇന്ത്യക്കാര്‍ എന്നതിന് സുഡാനിലെ ഇന്ത്യന്‍ എംബസിയുടെ സ്ഥിരീകരണം. രാജ്യ തലസ്ഥാനമായ ഖാര്‍ത്തോമിലുള്ള സീലാ സെറാമിക് ഫാക്ടറിയിലാണ് അപകടമുണ്ടായത്.

അതേസമയം കൂടുതല്‍പ്പേര്‍ അപകടത്തില്‍പ്പെട്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ അപകടത്തില്‍ പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. കളിമണ്‍ ഫാക്ടറിയിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ടാങ്കര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

ടാങ്കറില്‍ നിന്നും ഫാക്ടറിക്കുള്ളിലേക്കും തീ പടരുകയായിരുന്നു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തീ വളരെവേഗം പടരുന്നതിന് സഹായിക്കുന്ന വസ്തുക്കള്‍ അലക്ഷ്യമായി ഫാക്ടറിയില്‍ സൂക്ഷിച്ചതും അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതായി കരുതപ്പെടുന്നു.