നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്; പോക്സോ വകുപ്പ് ഭേദഗതിക്ക് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാ വിധി

single-img
4 December 2019

നാല് വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെതടവ് ശിക്ഷ വിധിച്ചുകൊണ്ട് കാസർകോട് ജില്ലാകോടതി. കാസർകോട് ജില്ലയിലെ ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. കേരളാ നിയമസഭാ പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം.

തന്റെ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി.

വാടകയ്ക്ക് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരു മാസത്തോളം നീണ്ട വിചാരണക്കൊടുവിലാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒന്ന് കേസിൽ വിധി പറഞ്ഞത്. പ്രതി 25,000 രൂപാ പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം.